പുതുപ്പള്ളി: ചാണ്ടി ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം.ഒന്നാം വാർഷികത്തിൽ സ്മരണകളും പ്രവർത്തനങ്ങളും പങ്ക് വച്ച് ജ്യോതികുമാർ ചാമക്കാല സാമൂഹിക മാധ്യമങ്ങളിൽ ചേർത്ത കുറിപ്പ് ചുവടെ.
ഇന്ന് സെപ്റ്റംബർ 8. ഉമ്മൻ ചാണ്ടി സാറിന്റെ ദീപ്ത സ്മരണകളിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ ഒന്നാം വാർഷികം. സുദീപ്തമായ അഞ്ച് പതിറ്റാണ്ടുകാലം പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഉമ്മൻ ചാണ്ടി സാറിന് പകരം അദ്ദേഹത്തിന്റെ മകൻ ശ്രി ചാണ്ടി ഉമ്മൻ എംഎൽഎ ആയതിന്റെ ഒന്നാം വാർഷികം. യുഡിഎഫിന്റെ ചിട്ടയായ പ്രവർത്തന കരുത്തിൽ നേടിയ വിജയത്തിന്റെ ഉജ്ജ്വല ഓർമ്മ.
നിരവധി തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് ഓഫീസിന്റെ മുഖ്യചുമതല വഹിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ആദ്യം ചെറുപ്രായത്തിൽ, 2005ൽ ശ്രീ പി. കെ. വാസുദേവൻ നായരുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിലെ ഓഫീസിന്റെ ചുമതലയാണ് വഹിച്ചത്. അന്ന് കെപിസിസി പ്രസിഡണ്ട് ശ്രീ രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പിന്റെ ചുമതല ഉണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ശ്രീ എം. ഐ. ഷാനവാസും ഇലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ ശ്രീ തമ്പാനൂർ രവിയും. ഓഫീസിന്റെ ചുമതല ശ്രീ തമ്പാനൂർ രവിയാണ് ആദ്യം എന്നെ ഏൽപ്പിച്ചത്. എന്നിൽ അർപ്പിച്ച വിശ്വാസം ഭംഗിയായി നിർവഹിക്കുവാൻ സാധിച്ചു. സത്യത്തിൽ അന്ന് എനിക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു.
പിന്നീട് 2009ൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ശ്രീ എൻ. പീതാംബരക്കുറുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഏകോപനവും ഓഫീസ് ചുമതലയും എനിക്കായിരുന്നു. സ്ഥാനാർത്ഥിയും, അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന ശ്രീ കടവൂർ ശിവദാസനും ചേർന്ന രസതന്ത്രം എന്റെ പ്രവർത്തനം സുഗമമാക്കി. അസാധ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയ ഫലം, അന്ന് മിന്നും വിജയത്തിലൂടെ കൊല്ലം പാർലമെന്റ് സീറ്റ് യുഡിഎഫ് തിരിച്ചു പിടിച്ചു.
എന്റെ രാഷ്ട്രീയ ഗുരുനാഥൻ കൂടിയായ ശ്രീ കടവൂർ ശിവദാസൻ ഡിസിസി പ്രസിഡണ്ട് ആയിരുന്നതുകൊണ്ടുതന്നെ, 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസിസി കേന്ദ്രീകരിച്ച് കൊല്ലത്തെ 11 നിയോജകമണ്ഡലങ്ങളുടെയും ഏകോപനച്ചുമതല എനിക്കായിരുന്നു. ഡിസിസി കോമ്പൗണ്ടിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ മൻമോഹൻ സിംഗ് പൊതുയോഗത്തിന് എത്തിയത് ഉൾപ്പടെയുള്ള എണ്ണംപറഞ്ഞ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് കാലം.
തുടർന്ന് 2018ലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ഓഫീസ് ചുമതലയും എനിക്ക് ലഭിച്ചു. ശ്രീ വി. ഡി. സതീശന് ആയിരുന്നു മുഖ്യചുമതല എങ്കിലും അദ്ദേഹവും, അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയും, ശ്രീ ഉമ്മൻ ചാണ്ടിയും, അന്നത്തെ കെപിസിസി പ്രസിഡന്റ് ശ്രീ എം. എം. ഹസനും, ശ്രീ തിരുവഞ്ചൂർ രാധാകൃഷണനും അന്നത്തെ ഡി സി സി പ്രസിഡൻ്റ് ശ്രീ എം ലിജുവും ചേർന്ന നേതൃത്വം മുഴുവൻ സമയ ഓഫീസ് ചുമതലക്കാരൻ എന്ന നിലയിൽ എനിക്ക് നല്ല അവസരമാണ് നൽകിയത്.
പിന്നെ കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തലായിമാറിയ 2023ലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഓഫീസ് ചുമതല പരിപൂർണ്ണമായും നിർവ്വഹിക്കാനുള്ള നിയോഗം ലഭിച്ചു. ഉമ്മൻ ചാണ്ടി സാറിന്റെ തുടിക്കുന്ന ഓർമ്മകൾ, മലയാളക്കരയുടെ മൺതരികളിൽ പോലും ചാണ്ടി ഉമ്മന്റെ വൻ വിജയം ആഗ്രഹിച്ച മത്സരാന്തരീക്ഷം. മറുവശത്തു ഭരണകൂട ഹുങ്കും അപവാദ പ്രചരണ സംവിധാനങ്ങളുമായി എതിർ കക്ഷിയും. കുറ്റമറ്റ പ്രവർത്തനത്തിന് പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് ശ്രീ കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ കെ. സി. ജോസഫ്, പ്രിയ സുഹൃത്തുക്കൾ ശ്രീ നാട്ടകം സുരേഷ്, ശ്രീ ഫിൽസൺ മാത്യുസ് ഉൾപ്പെടുന്ന കരുത്തുറ്റ നേതൃത്വം താങ്ങും തണലുമായി കൂടെനിന്നത് പ്രത്യേകം ഓർക്കുന്നു. ആഗ്രഹിച്ചതുപോലെ അടയാളപ്പെടുത്തുന്ന അത്യുജ്ജ്വല വിജയം പുതുപ്പള്ളി നൽകി.
ഇക്കഴിഞ്ഞ 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിന്റെ ഏകോപന ചുമതലയായിരുന്നു എനിക്ക്. സ്ഥാനാർത്ഥി എന്ന നിലയിൽ ശ്രീ എൻ. കെ. പ്രേമചന്ദ്രന്റെ മികവും കഴിവും സ്വീകാര്യതയും കൊണ്ട് തിരഞ്ഞെടുപ്പ് ഫലത്തിൽ ആർക്കും ആശങ്കയുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് ഏകോപനം സമസ്ത മേഖലകളിലും ഒന്നാം നിരയിൽ നടത്തുവാൻ സാധ്യമായി എന്നതിൽ ഉപരി ഫീൽഡിലും സൈബർ മേഖലയിലും എതിരാളിയെക്കാൾ ബഹുദൂരം മുന്നിൽ നിന്ന പ്രവർത്തനം കാഴ്ചവെക്കാൻ യുഡിഎഫിന് സാധിച്ചു. കൊല്ലം പാർലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കാർഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ എൻ. കെ. പ്രേമചന്ദ്രൻ ഉജ്ജ്വല വിജയം നേടി.
ഓരോ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളും വ്യത്യസ്തമായ വെല്ലുവിളികളാണ്, തീഷ്ണമായ അനുഭവക്കൂട്ടുകളാണ്. ഇന്നോളമുള്ളയീ പ്രവർത്തങ്ങളിൽ ഹൃദയംകൊണ്ട്, വൈകാരികമായി വല്ലാത്തൊരു അടുപ്പം ശ്രീ ഉമ്മൻ ചാണ്ടി വിട്ടൊഴിഞ്ഞ പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല നിർവ്വഹിക്കാൻ കഴിഞ്ഞു എന്നതു തന്നെ.
ഉമ്മൻ ചാണ്ടിയെന്ന നീതിമാന്റെ രക്തത്തിന് വേണ്ടി അപസർപ്പ കഥകൾകൊണ്ടും, മനുഷ്യനീതിയുടെ താരും തരിമ്പും ഇല്ലാതെ അദ്ദേഹത്തെ വെട്ടിവീഴ്ത്താൻ നോക്കിയ രാഷ്ട്രീയ എതിരാളികൾക്ക് നൽകാവുന്ന കനത്ത പ്രഹരത്തിന് ചിട്ടയായ പ്രവർത്തനം, ഉമ്മൻ ചാണ്ടിയുടെ നല്ലോർമ്മകൾക്ക് കേരളം ആഗ്രഹിച്ച വിജയം. അതിന്റെ സജീവധാരയിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനം.
ശ്രീ ചാണ്ടി ഉമ്മൻ എംഎൽഎ ആയതിന്റെ ഒന്നാം വാർഷികത്തിന് അദ്ദേഹത്തിന് എല്ലാ ആശംസകളും.... ഒപ്പം പ്രിയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടിയുടെ ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമഞ്ജലികൾ അർപ്പിക്കുന്നു.
ജ്യോതികുമാർ ചാമക്കാല
A year since Chandi Oommen was elected to the Legislative Assembly. Jyothikumar Chamakala's note is noteworthy